കോവിഡ് 19, എച്ച് ഐവി : രണ്ട് മഹാമാരികളുടെ കഥ
- Dr. Rakesh T P
- 1 December 2023
- Awareness
എച്ച്ഐവി ആണെന്ന് മനസ്സിലാക്കുമ്പോൾ അശ്വതിക്ക് (ശരിയായ പേരല്ല) 30 വയസ്സായിരുന്നു . മകൾക്കായിരുന്നു ആദ്യം സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിച്ച ക്ഷയരോഗം മകളെ കൊണ്ടുപോയി. കുഞ്ഞു മരിച്ചതിന്റെ കുറ്റം മുഴുവനും രോഗം സമ്മാനിച്ച ഭർത്താവിൽ ആരോപിച്ച് അവൾ വീട്ടിലേക്ക് മടങ്ങി.അശ്വതിയും ഭർത്താവും രണ്ട് ദിവസങ്ങളിലായാണ് ക്ലിനിക്കിൽ വരുന്നത്. പരസ്പരം കാണാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു . കൗൺസിലിങ് ശ്രമങ്ങൾ എല്ലാം പരാജയം.
എച് ഐവി വൈറസ് അങ്ങനെയാണ്. വരുമ്പോൾ കുടുംബം മുഴുവൻ ഒരു ടെസ്റ്റ് റിസൾട്ടിൽ ശിഥിലം, ശൂന്യം. വൈറസ് കയറിയാൽ പിന്നെ ഇറങ്ങില്ല.
കൊറോണയാകട്ടെ ധാരാളം ഇളവുകൾ പ്രഖ്യാപിച്ചാണ് വരുന്നത്. ബഹുഭുരിപക്ഷം ആളുകൾക്കും ലക്ഷണങ്ങളില്ല, ചിലർക്ക് ചുമ, ചിലർക്ക്പനി… അങ്ങിനെ പോകുന്നു പ്രകടനപത്രിക.
എന്നാൽ രണ്ടും ഭൂഖണ്ഡാന്തരങ്ങൾ നീളുന്ന പകർച്ച വ്യാധികൾ (മഹാമാരി- Pandemic ) ആണ് . എച് ഐവി ചില്ലറക്കാരനല്ല. 10 ലക്ഷം ആളുകളെ വർഷം തോറും കൊല്ലുന്ന നിശ്ശബ്ദമായ ഒരു പകർച്ച വ്യാധി- ഇത് വരെ കണക്കിൽ പെട്ടത് 3 കോടി .ചാനലുകാർക്ക് താല്പര്യം ഉണ്ടാക്കാൻ മാത്രം സംഭവബഹുലമല്ല. രക്തദാനം/ലൈംഗികബന്ധത്തിൽ കൂടെ പകരുന്നത് കാരണം കൊറോണയെപ്പോലെ ലോക്ക്ഡൌൺ വേണ്ട. എച്ച് ഐ വി വളരെ പതുക്കെ നീങ്ങുന്ന ആമ. കൊറോണയാകട്ടെ ഒരു പായും മുയൽ. രണ്ടും താണ്ടുന്ന ദൂരം സമം.
ഓരോ വൈറസിനും അതിന്റേതായ സ്വഭാവമുണ്ട്. രീതിശാസ്ത്രമുണ്ട്. തുടക്കമുണ്ട്. 1920 മുതൽക്കായിരിക്കാം എച് ഐവി മനുഷ്യരെ ബാധിച്ചു തുടങ്ങിയത്. ചിമ്പാൻസികളിലും കുരങ്ങന്മാരിലും കാണപ്പെടുന്ന എസ്ഐവി (Simian Immunodeficiency Virus -SIV) എന്ന വൈറസുമായി ഇതിനു വളരെ സാമ്യം ഉണ്ട്. ആഫ്രിക്കയിലെ ആദിവാസികൾക്ക് ഒരു മരിച്ച കുരങ്ങനെയോ മാനിനെയോ കിട്ടിയാൽ പിന്നെ അന്ന് സദ്യയാണ്. അങ്ങനെയായിരിക്കാം മനുഷ്യരിലേക്ക് ഇത് പടർന്നത്. ഒരു ഘട്ടത്തിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള കഴിവ് വൈറസിനു കൈ വരുന്നതോടെ മഹാമാരി സ്വഭാവം കണ്ടുതുടങ്ങും. കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് വന്നത്. അതിനെ സ്ഥിരമായി കഴിക്കുകയും കാഷ്ടം വളമായി ഉപയോഗിക്കുന്നവരുമാണ് ചൈനാക്കാർ.
അശ്വതി നന്നേ തളർന്നിരുന്നു; മാനസികമായും. ഇടയ്ക്കിടയ്ക്ക് ന്യുമൊണിയ വരുന്നത് എച് ഐ വി മരുന്നുകൾ തുടങ്ങാൻ തടസ്സമായി നിന്നു. മെലിഞ്ഞ് നന്നേ ക്ഷീണിച്ചപ്പോൾ പിന്നെ വന്നത് വീൽചെയറിൽ ആയിരുന്നു. നരച്ച് തുടങ്ങിയ മുടി ഒതുക്കി കൊണ്ട് അവൾ പറഞ്ഞു .‘ഇത് ചേച്ചിയാ . ഗൾഫിൽ നിന്ന് എന്നെ കാണാൻ വന്നതാ ’. വീൽചെയർ പിടിച്ച സ്ത്രീയുടെ മുഖത്ത് അല്പം അക്ഷമ കണ്ടോ എന്ന് സംശയം. “ബന്ധുക്കളാരും ഇനി വരാൻ ബാക്കിയില്ല.”
കൊറോണ ഒരാഴ്ച്ചക്കുള്ളിൽ തീരുമാനം അറിയിക്കുമ്പോൾ എച് ഐവി പതുക്കെ പതുക്കെ യാണ് ശരീരത്തിനുള്ളിൽ പ്രവർത്തിക്കുക. പ്രതിരോധ കോശങ്ങളെ ബാധിച്ച് അവയുടെ എണ്ണം കുറച്ച് വർഷങ്ങൾ നീളുന്ന പ്രക്രിയ. ഒരു പരിധി കഴിയുമ്പോൾ രോഗി പലതരം അണുബാധകൾക്കടിമയാകുന്നു .
അങ്ങിനെ അണുബാധകൾ എല്ലാം തൽക്കാലം ഒഴിഞ്ഞ ഒരു തഞ്ചത്തിന് അശ്വതിക്ക് എച് ഐ വി മരുന്നുകൾ ആരംഭിച്ചു. വളരെ നിസ്സംഗതയോടെയാണ് ഒരു മാസത്തേക്കുള്ള ഗുളികകൾ അവളുടെ ചേച്ചി ബാഗിലേക്കെടുത്ത് വച്ചത്.
1980 ഉകളുടെ തുടക്കത്തതിലാണ് എച് ഐ വി കണ്ടു പിടിച്ചതും പിന്നീട് ഒരു മഹാമാരിയാണെന്ന് മനസ്സിലാക്കിയതും . ആരോഗ്യസംഘടനകളും സംവിധാനങ്ങളും ഇളകി മറിഞ്ഞ കാലം. ആദ്യമൊന്നും മരുന്നുണ്ടായിരുന്നില്ല. രോഗികൾ പരക്കെ മരിച്ചു വീഴും. അസുഖമുള്ളവരെ ഒറ്റപ്പെടുത്തും . ചികിത്സ നിഷേധിക്കും. ഫലപ്രദമായ ഒരു മരുന്ന് കിട്ടാൻ നീണ്ട 8 വർഷങ്ങൾ എടുത്തു. ആദ്യ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ നന്നേ കൂടുതലായിരുന്നു. ഗവേഷണം പുരോഗമിച്ചതോടെ വളരെ ഫലപ്രദമായ മരുന്നുകൾ വന്നു.
ശരിയായ ശാസ്ത്രം അങ്ങനെയാണ് – സമയമെടുക്കും . എന്നാൽ മറ്റു ‘പതി’കൾ അങ്ങനല്ല. കൊ എന്ന് കേൾക്കുമ്പോഴേക്കും കൊറോണയ്ക്കുള്ളത് ഡപ്പിക്കുള്ളിലാക്കി ഫ്‌ളക്സ് അടിക്കും.
ഒരു മാസം കഴിഞ്ഞ ഒരുച്ച നേരം.
“ഹായ് ഡോക്ടർ. ഡോക്ടർ ഭക്ഷണം കഴിച്ചോ’” വാതിൽ തള്ളിത്തുറന്ന് ഒരു ആധുനിക നാരി ഉള്ളിൽ. ജിൻസ് , ടോപ്പ് , കൂളിംഗ് ഗ്ളാസ്, ബോബ് ചെയ്ത മുടി . ഇതാരപ്പാ ?
“ഡോക്ടർക്കെന്നെ മനസ്സിലായില്ലേ ? ഞാൻ അശ്വതി”.
“അത് ശരി . ഉഗ്രം ! അത്യുഗ്രം !”. ((ഭഗവാനെ ..മരുന്ന് മാറി ഇനി വല്ല മൃതസഞ്ജീവനി ആണൊ കൊടുത്തത് ? ))
“ഉഷാറു ഗുളികയാട്ടോ. ഇപ്പോ എല്ലാം ശരിയായി. എണീറ്റ് നടക്കാമെന്നായപ്പോ ഞാനൊന്നടിച്ചു പൊളിക്കാമെന്നു കരുതി. ഇപ്പൊ അശ്വതി വേർഷൻ 2 ആട്ടോ ” എന്റെ അമ്പരപ്പ് കണ്ട് അവൾക്ക് ചിരി അടക്കാൻ കഴിയുന്നില്ല.
വൈറസുകളുടെ ചംക്രമണത്തിന്റെ വിവിധ ഘട്ടങ്ങൾ തടയുന്നവയാണ് എച് ഐ വി മരുന്നുകൾ. കീടാണുക്കളുടെ എണ്ണം കുറയുന്നതോടെ പ്രതിരോധ ശേഷി പതുക്കെ സാധാരണ നിലയിൽ ആകുന്നു. രോഗി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഇന്ന് മഹാമാരിയിൽപെട്ട ലക്ഷക്കണക്കിന് അശ്വതിമാരാണ് എച് ഐ വി മരുന്നുകൾ കഴിച്ച് സാധാരണ ജീവിതം നയിക്കുന്നത്. ഷുഗറും പ്രഷറും പോലത്തെ മറ്റൊരസുഖം ആക്കി, ചുരുട്ടിത്തള്ളി അതിനെ ശാസ്ത്രം.
എച് ഐ വിക്കെതിരെ ഒരു വാക്‌സിൻ നിർമ്മിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്- ഇടയ്കിടയ്ക്ക് വൈറസ് പുറം ശരീരഘടന മാറ്റുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നു. എന്നിരുന്നാലും ശാസ്ത്രം വിട്ടുകൊടുത്തിട്ടില്ല. ശാസ്ത്രത്തിന്റെ മറ്റുമേഖലകളുള്ള പുരോഗതികൾ കൂടുതൽ അറിവും ഊർജ്ജവും പകരുന്നത് 40 വർഷം കഴിഞ്ഞും ഗവേഷണത്തിന്റെ പുതുമയും പ്രതീക്ഷയും നിലനിർത്തുന്നു.
വസൂരിയും പോളിയോയും വാക്സിനിലൂടെ ഇല്ലാതാക്കിയ ശാസ്‌ത്രം. അതേ ശാസ്ത്രം തന്നെയാണ് ഇന്ന് കൊറോണയുടെയും പിന്നാലെ. കൊറോണകാലത്തെ വൈദ്യശാസ്ത്രം കാതങ്ങൾ മുന്നിലാണ്.അസ്ഥികൂടം കുഴിച്ചെടുത്ത് പരിണാമം പഠിക്കുന്നത് പഴഞ്ചൻ ആയി. ഇന്ന് ഓരോ ജീവിയുടെ ഉള്ളിലും ഉള്ള ജനിതകഘടന (DNA) വച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. വൈറസിന്റെ ജനിതക ഘടന വളരെ പെട്ടന്ന് തന്നെ ചൈന ‘പ്രസിദ്ധീകരിച്ചു’. അത് ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്താണ് ലോകമെമ്പാടും ഒരേസമയം മഹാമാരിക്കെതിരെ ഗവേഷണം പുരോഗമിക്കുന്നത് !
ശാസ്ത്രം വൈകാതെ കൊറോണയെയും നിസ്സംശയം തോൽപ്പിക്കും. ഇന്ന് mRNA വാക്സിൻ സാംകേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തിൽ വാക്‌സിൻ ഉണ്ടാക്കാം. അത് പരീക്ഷിച്ച് ഫലപ്രദമാണെന്ന് കണ്ടെത്താനാണ് സമയമെടുക്കുന്നത് . ഒരു വർഷത്തിനുള്ളിൽ വരുമായിരിക്കും .അതുവരെ നാം സംയമനം പാലിച്ചാൽ കുറെ മരണങ്ങൾ ഒഴിവാക്കാം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. എപ്പോഴും മാസ്ക് ധരിക്കുക.
ഭയപ്പെടേണ്ട, ശാസ്ത്രം നമ്മോടൊപ്പം ഉണ്ട്.
Infectious disease department
Baby Memorial Hospital, Kannur
Share Us: